......ജീവിതത്തിന്റെ പല്ലന്‍ ചക്രങ്ങളില്‍പ്പെട്ടു നട്ടം തിരിയുന്ന നമ്മള്‍ വിശ്രമിക്കുമ്പോള്‍ ഒന്നു ആശ്വസിക്കാന്‍ വേണ്ടി ഒരു മഴത്തുള്ളി.....ഇതു നിങ്ങളില്‍ കുളിര്‍മ നല്‍കുമെങ്കില്‍ ഞങ്ങളുടെ യത്നം പാഴായില്ല......എഡിറ്റര്‍ - വി.ആര്‍.രാജേഷ്‌.........സബ് എഡിറ്റര്‍ - ബിജുലാല്‍......നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക mazhathullimasika@gmail.com

Thursday, October 29, 2009

അടൂര്‍ ഭവാനി ഇനി ജീവിതത്തിന് അപ്പുറത്തുള്ള യവനികയില്‍...



അടൂര്‍ പാറപ്പുറത്ത് കുഞ്ഞിരാമന്‍ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി 1927ലാണ് അടൂര്‍ ഭവാനി ജനിച്ചത്. വീട്ടില്‍ തികഞ്ഞ ദാരിദ്ര്യമായിരുന്നു. നാടകരംഗത്ത് ആദ്യമെത്തിയ സഹോദരി പങ്കജത്തിനൊപ്പം കൂട്ട് പോയിരുന്ന ഭവാനി പിന്നീട് സഹോദരിയുടെ പാതയില്‍ത്തന്നെ സഞ്ചരിക്കുകയായിരുന്നു. തിക്കുറിശ്ശിയും കൊട്ടാരക്കരയുമെല്ലാം നാടകരംഗത്ത് മുന്‍നിരയിലുണ്ടായിരുന്ന കാലമായിരുന്നു അത്.


മനക്കര ഗോപാലപ്പിള്ളയാശാന്റെ 'വേലുത്തമ്പി ദളവ' എന്ന നാടകത്തില്‍ തന്നെക്കാള്‍ പ്രായമുള്ള കൊട്ടരക്കരയുടെ അമ്മയായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് 'പ്രതിഭ', 'കെ.പി.എ.സി' എന്നീ സമിതികളുടെ ഭാഗമായി. കലാനിലയം കൃഷ്ണന്‍നായരും മറ്റും നിരവധി അവസരങ്ങള്‍ ഭവാനിയ്ക്ക് നല്‍കി. 'തുലാഭാരം', 'അശ്വമേധം' എന്നീ കെ.പി.എ.സി നാടകങ്ങളിലെ ഭവാനിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 'ശരിയോ തെറ്റോ' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെ.പി.എ.സിയ്ക്കുവേണ്ടി തോപ്പില്‍ ഭാസി രചിച്ച 'മുടിയനായ പുത്രന്‍' ചലച്ചിത്രമാക്കിയപ്പോള്‍ നാടകത്തില്‍ അവതരിപ്പിച്ച റോള്‍ തന്നെ സിനിമയിലും അവര്‍ക്ക് കിട്ടി.

ഒരു പഴയകാല ചിത്രം





'ചെമ്മീന്‍', 'മുടിയനായ പുത്രന്‍', 'തുലാഭാരം', 'കള്ളിച്ചെല്ലമ്മ' എന്നീ ചിത്രങ്ങളില്‍ ഉജ്ജ്വലമായ അഭിനയമാണ് ഭവാനി കാഴ്ചവെച്ചത്. 'ക ള്ളിച്ചെല്ലമ്മ'യിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം അവരെ തേടിയെത്തുകയും ചെയ്തു.

രാമു കാര്യാട്ട് 'ചെമ്മീന്‍' എന്ന ചിത്രമെടുത്തപ്പോള്‍ കൈക്കുഞ്ഞുമായാണ് അടൂര്‍ ഭവാനി സെറ്റിലെത്തിയിരുന്നത്. 'ചെമ്മീനി'ന്റെ വിജയത്തോടെ ഭവാനിയ്ക്ക് രണ്ട് നേട്ടങ്ങളാണുണ്ടായത്. ഒന്ന് കൈനിറയെ ചിത്രങ്ങളും, മറ്റൊന്ന് നടി ഷീലയുമായുള്ള ആത്മസൗഹൃദവും.

സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴും ഭവാനിയ്ക്ക് നാടകരംഗത്തോടുള്ള ആഭിമുഖ്യത്തിന് ഒട്ടും കുറവ് വന്നിരുന്നില്ല. അടൂര്‍ കേന്ദ്രമാക്കി അവര്‍ നാടക സമിതി തുടങ്ങുകയും ചെയ്തിരുന്നു. സ്വന്തം നാടകസമിതി ഏതാനും നാടകങ്ങള്‍ അരങ്ങത്ത് എത്തിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം പിന്‍വാങ്ങുകയായിരുന്നു.

കടുത്ത രോഗപീഡയിലായ ഭവാനിയുടെ അവസാന നാളുകള്‍ വേദനകളുടേതായിരുന്നു. രോഗം കൊണ്ട് വലഞ്ഞ അവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുകയും ചെയ്തു. സിനിമാ പ്രവര്‍ത്തകരും 'അമ്മ'യും, ചലച്ചിത്ര അക്കാദമിയുമെല്ലാം ആവുംവിധം സഹായിച്ചിരുന്നെങ്കിലും അതൊന്നും മതിയാകുമായിരുന്നില്ല.

അസാധാരണ പ്രതിഭകളുടെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കുകൊണ്ട് ശുഷ്‌കമാകുന്ന മലയാള സിനിമയ്ക്ക് വീണ്ടുമൊരു തിരിച്ചടിയാണ് അടൂര്‍ ഭവാനിയുടെ അന്ത്യം

Monday, October 12, 2009

“ഒറ്റക്കണ്ണിയുടെ മകന്‍ ” ടെലി ഫിലിം നിര്‍മ്മാണം ആ‍രംഭിച്ചു.

മഴത്തുള്ളി ക്രിയേഷന്‍സിന്റെ ബാനറില്‍ സാരഥി സ്റ്റഡി സെന്റെര്‍ നിമ്മിക്കുന്ന പുതിയ ടെലി ഫിലിമിന്റെ നിര്‍മ്മാണം ആരംഭിച്ചു.“ഒറ്റക്കണ്ണിയുടെ മകന്‍ ” എന്ന പേരില്‍ ചിത്രീകരിക്കുന്ന ഈ ടെലി ഫിലിമിന്റെ സംവിധാനം വി.ആര്‍.രാജേഷും തിരക്കഥ ശ്രീ.എം.ജി.ഗിരിയും ക്യാമറ ശ്രീ.ദീപു സ്മ്രുതിയുന്മാണ് നിര്‍വഹിക്കുന്നത്.അസ്സി.ഡയറക്റ്റര്‍ ശ്രീ.ബിജുലാല്‍,പ്രൊഡക്ഷന്‍ കണ്ട്രോളറായി ശ്രീ.ബിബിന്‍ ബേബിയും പ്രവര്‍ത്തിക്കുന്നു.പെരുമ്പുഴ ശ്രീ.പ്രമോദ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ഇതില്‍ അമ്മയായി രേണുക ഒറ്റക്കണ്ണിയുടെ വേഷം ചെയ്യുന്നു.ശ്രീ.കെ.എന്‍.രമേശ്,മാസ്റ്റര്‍ പ്രവീണ്‍ ,ബിജു ലാല്‍,ബേബി ദേവദത്തന്‍ എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങള്‍. ശ്രീ.മജീഷ്യന്‍ മുതുകാട് മഞ്ച് സ്റ്റാര്‍ സിംഗറില്‍ പറഞ്ഞ ഒരു നാടോടി കഥയാണു ഈ ടെലി ഫിലിമിനു ആധാരം.മുതുകാടുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ചിത്രീകരണം ആരംഭിച്ചു.ആലുമ്മൂട് ,മുളവന,മണ്ട്രോത്തുരുത്തു പരിസര പ്രദേശമാണു ഷൂട്ടിങ് ലൊക്കേഷന്‍.
ശ്രീ.മജീഷ്യന്‍ മുതുകാടുമായി ടെലി ഫിലിം റ്റീം